Bramayugam OTT : 'അതൊന്നും സത്യമല്ല'; ഭ്രമയുഗം ഒടിടി റൈറ്റ്സ് 30 കോടിക്ക് വിറ്റു പോയിയെന്ന റിപ്പോർട്ട് തള്ളി മമ്മൂട്ടി ചിത്രത്തിന്റെ നിർമാതാവ്

Bramayugam Movie OTT Rights : സോണി ലിവാണ് ഭ്രമയുഗം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 11:26 AM IST
  • 30 കോടിക്കാണ് ഭ്രമയുഗത്തിന്റെ ഒടിടി അവകാശം വിറ്റു പോയെന്നായിരുന്നു റിപ്പോർട്ട്
  • സോണി ലിവിനാണ് ഒടിടി അവകാശം
  • 28 കോടി ബജറ്റിൽ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം
  • ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനാണ് ഭ്രമയുഗം ഒരുക്കിയിരിക്കുന്നത്
Bramayugam OTT : 'അതൊന്നും സത്യമല്ല'; ഭ്രമയുഗം ഒടിടി റൈറ്റ്സ് 30 കോടിക്ക് വിറ്റു പോയിയെന്ന റിപ്പോർട്ട് തള്ളി മമ്മൂട്ടി ചിത്രത്തിന്റെ നിർമാതാവ്

Bramayugam Movie OTT Updates : മലയാളക്കരയെ ആകെ വിറപ്പിക്കുകയാണ് ഭ്രമയുഗം സിനിമയിലൂടെ മമ്മൂട്ടി. മെഗാതാരം കൊടുമൺ പോറ്റിയായി എത്തിയ ഭ്രമയുഗം തിയറ്ററുകളെ വിറപ്പിക്കുന്നതിൽ ഉപരി കളക്ഷനിൽ വൻ മുന്നേറ്റവുമാണ് സൃഷ്ടിക്കുന്നത്. ഏകദേശം 40 കോടിയോളമാണ് ഭ്രമയുഗം ആഗോള ബോക്സ്ഓഫീസിൽ ഇതിനോടകം ഒരാഴ്ച കൊണ്ട് നേടിയെടുത്തിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റു പോയതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ റിപ്പോർട്ടുകൾ സത്യമല്ല എന്നറിയിച്ചുകൊണ്ട് ചിത്രത്തിന്റെ നിർമാതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഭ്രമയുഗത്തിന്റെ ഒടിടി അവകാശത്തിന് 30 കോടി?

ഭ്രമയുഗം സിനിമയുടെ ഒടിടി അവകാശം റെക്കോർഡ് തുകയായ 30 കോടിക്കാണ് വിറ്റുപോയതെന്നായിരുന്നു ഒരു പ്രമുഖ ദൃശ്യ മാധ്യമം വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നത്. 20 കോടി നൽകി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കാൻ സമീപിച്ചു എന്നാൽ ജാപ്പനീസ് ടെക് ഭീമനായ സോണിയുടെ ഒടിടി പ്ലാറ്റ്ഫോം വമ്പൻ തുകയായ 30 കോടി ഓഫർ ചെയ്ത് ഭ്രമയുഗത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കുകയായിരുന്നുയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

എന്നാൽ ഈ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ചുകൊണ്ടാണ് ഭ്രമയുഗത്തിന്റെ നിർമാതാവായ ചക്രവർത്തി രാമചന്ദ്ര എക്സിലൂടെ അറിയിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന്റെ ഒടിടി അവകാശം 30 കോടിക്കാണ് വിറ്റു പോയിരിക്കുന്നതെന്ന എക്സിലെ ഒരു പോസ്റ്റിന് മറുപടി നൽകികൊണ്ടാണ് ചിത്രത്തിന്റെ നിർമതാവ് ഇക്കാര്യം വ്യക്തമാക്കിയത്. "ഒട്ടും സത്യമല്ല. സിനിമ ആസ്വദിക്കൂ, ഒപ്പം അതിൽ പങ്ക് ചേർന്നിട്ടുള്ളവർക്ക് അഭിനന്ദനം അറിയിക്കൂ" എന്നാണ്  ചക്രവർത്തി രാമചന്ദ്ര എക്സിലെ പോസ്റ്റിന് മറുപടി നൽകിയത്.

ALSO READ : Abraham Ozler OTT : ഓസ്ലർ ഒടിടിയിൽ വരുന്നത് ഈ പ്ലാറ്റ്ഫോമിലൂടെ; ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ

നേരത്തെ സമാനമായി സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള ചർച്ചയ്ക്ക് ചക്രവർത്തി രാമചന്ദ്ര എക്സിലൂടെ തന്നെ മറുപടി നൽകിയിരുന്നു. കോസ്റ്റ്യുമായി മുണ്ടും, ഒരൊറ്റ ലൊക്കേഷൻ മാത്രമുള്ള സിനിമയ്ക്ക് കൂടി പോയാൽ 15 കോടിയാകും ബജറ്റ് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പലരും വാദിച്ചത്. എന്നാൽ ആ പോസ്റ്റിൽ ഇതുപോലെ ചിത്രത്തിന്റെ നിർമാതാവ് വന്ന് യഥാർഥ ബജറ്റ് എത്രയാണെന്ന് അറിയിക്കുകയായിരുന്നു. 28 കോടിയോളമാണ് ചിത്രത്തിന് ചിലവായതെന്നായിരുന്നു ചക്രവർത്തി രാമചന്ദ്ര അറിയച്ചത്.

ഭ്രമയുഗം ഒടിടിയിൽ എന്ന് വരും?

ഒടിടി അവകാശം വിറ്റു പോയ തുക വാസ്തവമല്ലെങ്കിലും സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവ് തന്നെയാണ്. അത് ചിത്രം തിയറ്ററിൽ പ്രദർശനം ചെയ്ത വേളയിൽ അറിയിച്ചിട്ടുള്ളതാണ്. ഇനി അറിയേണ്ടത് ചിത്രം എപ്പോൾ ഒടിടിയിൽ വരും എന്നുള്ളതാണ്.

നേരത്തെ ഒരു സിനിമ തിയറ്ററിൽ റിലീസായി 28-ാം ദിവസം ഒടിടിയിൽ എത്തുമായിരുന്നു. അങ്ങനെയിരിക്കെ ഭ്രമയുഗം മാർച്ച് രണ്ട് അല്ലെങ്കിൽ മൂന്നാം വാരം ഒടിടിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാമായിരുന്നു. എന്നാൽ നിലവിൽ സിനിമ-തിയറ്റർ സംഘടനയായ ഫിയോകിന്റെ സമരം ഫെബ്രുവരി 23-ാം തീയതി മുതൽ നടക്കുന്ന സാഹചര്യത്തിൽ ഭ്രമയുഗം ഒടിടിയിൽ എത്താൻ വൈകും. ചിത്രം റിലീസായി 40 ദിവസം കഴിഞ്ഞെ ഒടിടിയിൽ പ്രദർശിപ്പിക്കാവു എന്നാണ് ഫിയോക് ആവശ്യപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ഭ്രമയുഗം മാർച്ച് അവസാനമോ അല്ലെങ്കിൽ ഏപ്രിൽ ആദ്യ വാരമോ സോണി ലിവിൽ പ്രദർശനം ആരംഭിച്ചേക്കും.

ഭ്രമയുഗത്തിന്റെ ബോക്സ്ഓഫീസ്

ഫെബ്രവുരി 15-ാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ പരീക്ഷണ ചിത്രമായിരുന്നെങ്കിലും ആദ്യ ദിനം തന്നെ കേരള ബോക്സ്ഓഫീസിൽ നിന്നും ഭ്രമയുഗം സ്വന്തമാക്കിയത് 3 കോടിയിൽ അധികം കളക്ഷനാണ്. ചിത്രം റിലീസായി ആദ്യ വാരാമാകുമ്പോൾ ഇതിനോടകം നേടിയിരിക്കുന്നത് 35 കോടിയിൽ അധികമാണ്. കേരള ബോക്സ്ഓഫീസിലെ കളക്ഷൻ 15 കോടിയായി.

ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'. പൂർണമായിട്ടും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്.

ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്യും: മെൽവി ജെ,  മേക്കപ്പ്: റോണെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News